Sunday, September 13, 2009

ആറരയുടെ വണ്ടി

ആറരവയസ്സു പ്രായമുള്ളപ്പോഴാണോ എന്നറിയില്ല
ആറരയ്ക്കുള്ള തീവണ്ടിയില്‍ ആദ്യമായി യാത്രചെയ്തത്
ആകാശത്തിന്റെ സീമന്തരേഖയില്‍ തിലകമുണ്ടായിരുന്നു
ആലുവാപ്പുഴയിലവള്‍ കണ്ണാടി നോക്കുന്നതും ഞാന്‍ കണ്ടു
മുമ്പന്മാര്‍ പിമ്പന്മാരും പിമ്പന്മാര്‍ മുമ്പന്മാരുമാകുന്ന
മായാജാലവും ആദ്യം കണ്ടത്
ആറരയ്ക്കുള്ള തീവണ്ടിയില്‍ യാത്ര ചെയ്തപ്പോഴാണ്‌
പ്രത്യേകിച്ചു കാരണമൊന്നുമില്ലാതെ
ചിലപ്പോള്‍
പുഴവെള്ളത്തിന്‌ ചെളിനിറമായിരുന്നു
മറ്റുചിലപ്പോള്‍ തെളിനിറവും
അപ്പോഴെല്ലാമാറരയുടെ വണ്ടി
പുഴയുടെ മേലേ നീണ്ടുകിടന്ന
അതേ പാളത്തിലൂടെയാണോടിയത്
പിന്നീടു ഞാന്‍ ആറരയുടെ വണ്ടിയില്‍
യാത്രചെയ്യുമ്പോള്‍ എനിക്ക് എന്തായാലും ആറര വയസ്സല്ല പ്രായം
എങ്കിലും ഓര്‍മ്മകളില്‍ ആവിപാറുന്നു...
ഒരിക്കല്‍ ആറരയുടെ വണ്ടി കിട്ടാതെവന്നപ്പോള്‍
സ്റ്റേഷന്‍ മാസ്റ്ററോടു (ഞാന്‍)തിരക്കി
അന്നാണ്‌ ഞാനാദ്യമായറിയുന്നത്
ആറരയുടെ വണ്ടി അഞ്ചരയുടെ വണ്ടിയാണെന്ന്‌
വെറുതേയല്ല കാലമിത്രയായിട്ടും
വീട്ടിലെ ഭിത്തിയില്‍ തൂങ്ങിച്ചത്തുകിടക്കുന്ന
ഘടികാരത്തിലെ ആറരമണിമാറാത്തതും
ജാതകം നോക്കുവാനല്ലെങ്കിലും
ചത്തക്ലോക്കിനെ സംസ്കരിക്കാത്തതും.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും
ആറരയുടെ വണ്ടിയെ അഞ്ചരയുടെ വണ്ടിയെന്ന്‌
മാറ്റിപ്പറയാന്‍ എന്റെ നാവു വഴങ്ങുന്നില്ല
അതുകൊണ്ടത്രേ മറ്റുള്ളവരും
ആറരയുടെ വണ്ടിക്കുപോകുവാന്‍
അഞ്ചരയ്ക്കെത്തുന്നത്.

Tuesday, September 8, 2009

ഞാന്‍ ഇവിടെന്തെങ്കിലും കുറിക്കും മുമ്പ്
അവിചാരിതമായി ഭൂലോകത്തെത്തിയ എന്നെ ഒരു സ്ഥിരം വരത്തുപോക്കുകാരിയും ഭൂലോക വായനക്കാരിയുമാക്കിയ,സ്വന്തമായൊരു ഇടം ഭൂലോകത്തു കണ്ടെത്തുവാന്‍ പ്രചോദനമായ ശ്രീ വികടശിരോമണിക്ക്
നന്ദിയുടെ ഒരു വാക്ക്...