Friday, December 11, 2009

യാഗാഗ്നി

നിന്നെക്കുറിച്ചോര്‍ത്തു തേങ്ങാത്ത രാത്രികള്‍
ഇന്നെനിക്കില്ലെന്റെ പൊന്മകളേ
പൊട്ടിച്ചിരിച്ചു നടക്കുന്ന നിന്നുള്ള-
മഗ്നിയെരിയുന്ന യാഗശാല.

സ്വപ്നങ്ങള്‍ ദുഃഖങ്ങള്‍ എല്ലാമൊരുമിച്ചു
യാഗാഗ്നിതന്നിലര്‍പ്പിക്കവേ
നിന്റെ മിഴിനീരിലഗ്നിയണഞ്ഞു.
നിനക്കായിനല്‍കുവാനിന്നെനി-
ക്കൊരുതുള്ളിക്കണ്ണീരു കൂടിയില്ല.

ഉള്ളില്‍ക്കരഞ്ഞു ചിരിക്കുന്ന നിന്‍

കള്ളച്ചിരിയും മനോഹരമോമലേ....

പൊട്ടിയവീണക്കമ്പിയെടുത്തച്ഛന്‍

ഇന്നലെയല്ലേ കുടക്കമ്പികെട്ടീ.
അന്നന്നു നമ്മള്‍ പകുത്ത ദുഃഖങ്ങളില്‍
ഓര്‍മ്മയായ് കേഴുകയാണിന്നു നീ.

മൌനങ്ങളൊക്കെയും ചേര്‍ത്തുവെച്ചോ
മൌനത്തില്‍ നീയിന്നുറങ്ങിടുന്നു.
പൊന്നനുജത്തിക്കു നല്കാതെപോയൊര-
പ്പൊന്നുമ്മയോര്‍ത്തവള്‍ കേഴുന്നിതിന്നും.

രാമായണത്തിലുറങ്ങുന്ന വാക്കുകള്‍
നിന്നെയോര്‍ത്തോര്‍ത്തു പിടയുന്ന സന്ധ്യകള്‍
ഒക്കെ മറന്നോ കടന്നുപോയ് നീ.

നീ മാത്രമറിയുന്ന നിന്‍ പ്രണയം
പറയാതെ പറയുകയായിരിക്കാം
ഓമലേ നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നൂ
നീയെന്നെയെന്തേ അറിയാതെപോയീ.

കേഴുന്നൊരെന്നമ്മതന്‍ ചിത്രം
ഉള്ളില്‍ നിറഞ്ഞു വിതുമ്പിനില്ക്കേ
കൊല്ലുവതെങ്ങനെ ഞാനെന്നെ??